സി.കെ. യുടെ മുന്നില്‍ സാന്ത്വന പരിചരണം ആരംഭിച്ചു

c.k baskaran wifeആറുപതിറ്റാണ്ടിലേറെക്കാലം പൊതുപ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യമായിരുന്ന സി കെ ഭാസ്‌കരന്റെ ജീവിതസമ്പാദ്യമായ 302 രൂപ സികെയുടെ പേരിലുള്ള കാരുണ്യ പാലിയേറ്റീവ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹത്തിന്റെ വിധവ പൊന്നമ്മ, പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന് കൈമാറിയത് ഏവര്‍ക്കും ഹൃദയസ്പര്‍ശിയായി. സി കെയുടെ അണയാത്ത ഓര്‍മകള്‍ തുടിച്ചുനില്‍ക്കുന്ന ചേനപ്പറമ്പ് വീട്ടുമുറ്റത്ത് കാരുണ്യ സൊസൈറ്റിയുടെ ഉദ്ഘാടനത്തിന് വി എസ് എത്തിയപ്പോഴാണ് വികാരഭരിതമായ നിമിഷങ്ങള്‍ക്ക് ആയിരങ്ങള്‍ സാക്ഷ്യം വഹിച്ചത്.

ജൂണ്‍ 28ന് ആശുപത്രിയിലേക്ക് പോകുമ്പോള്‍ ഷര്‍ട്ടിന്റെ പോക്കറ്റിലുണ്ടായിരുന്നത് 302 രൂപയും ചെറിയ ഡയറിയുമായിരുന്നു. സി കെയുടെ ആകെ കൂടിയുള്ള സമ്പാദ്യം ഇതായിരുന്നു. സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് കാരുണ്യ സൊസൈറ്റി രൂപീകരിക്കുന്നതിനെക്കുറിച്ചാണ് അവസാനമായി ഡയറിയില്‍ എഴുതിയത്. ഈ 302 രൂപയാണ് സൊസൈറ്റിക്ക് ആദ്യമായി ലഭിച്ച സംഭാവന.

ജീവിതത്തിന്റെ നാനാതുറകളിലുള്ളവരാണ് ഉദ്ഘാടനചടങ്ങില്‍ പങ്കാളികളായത്. കാവ്യാര്‍ച്ചനയോടെയാണ് ഉദ്ഘാടനചടങ്ങ് തുടങ്ങിയത്. ബിജു കല്ലാപ്പുറം രചിച്ച് ആലപ്പി ഋഷികേശ് സംവിധാനം ചെയ്ത ‘ഓലക്കുടിലിലെ കാവല്‍ക്കാരന്‍’ എന്ന കവിത കലവൂര്‍ വിശ്വന്‍ ആലപിച്ചു. പി കെ മേദിനി, സന്തോഷ്, എം കെ പ്രസന്നന്‍, ബിജു കല്ലാപ്പുറം എന്നിവര്‍ സികെയെ കുറിച്ചെഴുതിയ കവിതകള്‍ അവതരിപ്പിച്ചു.
മനസുനന്നാവട്ടെ.. മതമേതെങ്കിലുമാകട്ടെ.. പി കെ മേദിനിയുടെ പാട്ടോടെ സമ്മേളനനടപടി തുടങ്ങി. ജീവകാരുണ്യമേഖലയിലെ സി കെയുടെ ഇടപെടല്‍ മാതൃകാപരമായിരുന്നുവെന്ന് അധ്യക്ഷന്‍ പി തിലോത്തമന്‍ എംഎല്‍എ പറഞ്ഞു.

thomas isaac ckb karunyaതന്റെ പാര്‍ടിയുടെ അപ്പുറത്ത് ബഹുജനങ്ങളുമായി സംവദിക്കാന്‍ കഴിയുന്ന വ്യക്തിത്വമായിരുന്നു സി കെയുടെതെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റായും ട്രേഡ് യൂണിയന്‍ നേതാവായും സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച സികെ ജീവിതാന്ത്യംവരെ സത്യസന്ധതയും സേവനതല്‍പ്പരതയും പുലര്‍ത്തിയിരുന്നതായി മുഖ്യപ്രഭാഷകനായ വി എം സുധീരന്‍ സന്ദേശത്തില്‍ പറഞ്ഞു.
സ്വന്തം മണ്ണിലും നാട്ടിലും കര്‍മനിരതനായ സികെയില്‍ കാണുന്നത് ദേശത്തിന്റെ മുഖമാണെന്ന് 25 വര്‍ഷത്തോളം സികെ യെ ചികിത്സിച്ച ഡോക്ടര്‍ ജി സുകുമാരന്‍ പറഞ്ഞു.

രോഗത്തിന്റെ തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറും രോഗചികിത്സയും ഒന്നിച്ചുകൊണ്ടുപോകണമെന്നും ശുശ്രൂഷയില്‍ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും പാലിയം ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. എം ആര്‍ രാജഗോപാല്‍ സന്ദേശത്തില്‍ പറഞ്ഞു. ഡോ. ചിത്രവെങ്കിടേശ്വരന്‍ സൊസൈറ്റിയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു.

isaac websiteഡോ. ടി എം തോമസ് ഐസക് എംഎല്‍എ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഡി പ്രിയേഷ്‌കുമാര്‍ ലോഗോ പ്രകാശനം ചെയ്തു. ലോഗോ രൂപകല്‍പന ചെയ്ത രഘുനാഥ് ഹാര്‍മണിക്കും വെബ്‌സൈറ്റ് തയാറാക്കിയ അഡ്വ. ടി കെ സുജിത്തിനും വി എസ് അച്യുതാനന്ദന്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. വി ആര്‍ പ്രസാദ് ആദ്യ അംഗത്വം ഏറ്റുവാങ്ങി.

സി ബി ചന്ദ്രബാബു, എ എം ആരിഫ് എംഎല്‍എ, ടി ജെ ആഞ്ചലോസ്, എന്‍ എസ് ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനര്‍ ദീപ അജിത്കുമാര്‍ നന്ദി പറഞ്ഞു.

Leave A Reply

Your email address will not be published. Required fields are marked *