സാന്ത്വന ചികിത്സ

സാന്ത്വനചികിത്സ

SAN THWANAM.രോഗശമനം എന്നതിലുപരി, രോഗിയുടെ രോഗലക്ഷണങ്ങളുടെ തീവ്രത കുറയ്ക്കുന്നതു വഴി, ഗുരുതരമോ സങ്കീർണ്ണമോ ആയ രോഗങ്ങൾ ബാധിച്ചവരുടെ ക്ലേശങ്ങൾ ഒഴിവാക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള വൈദ്യ പരിചരണമോ ചികിത്സയെയോ ആണ്‌ സാന്ത്വന ചികിത്സ അഥവാ പാലിയേറ്റീവ്‌ പരിചരണം. മൂടുക, മറയ്ക്കുക, ഒളിപ്പിക്കുക തുടങ്ങിയ അർത്ഥങ്ങൾ വരുന്ന പാല്ലയർ എന്ന ലാറ്റിൻ വാക്കിൽ നിന്നുത്ഭവം. പത്തോൻപതാം നൂറ്റാണ്ടിൽ അയർലാൻഡിലും ലണ്ടനിലും സ്ഥാപിച്ച മരണാസന്നരായവർക്കുള്ള അഭയകേന്ദ്രമാണ്‌ പാല്ലിയേറ്റീവ്‌ പരിചരണത്തിനു തുടക്കമായത്‌.

ആദ്യ കാലങ്ങളിൽ ഇങ്ങനെ പരിചരണം ലഭിച്ചിരുന്നത്‌ മരണാസന്നരായ അർബുദ രോഗികൾക്കു മാത്രമായിരുന്നു. പക്ഷേ ഇപ്പോൾ ചികിത്സിച്ചു ഭേദമാക്കാവുന്ന എല്ലാ രോഗങ്ങളിലും, രോഗിയുടെ വേദനയും മറ്റസ്വസ്ഥതകളും ഒഴിവാക്കുവാനോ കുറയ്ക്കുവാനോ ഈ പരിചരണം പ്രയോജനപ്പെടുന്നു.  അർബുദം കൂടാതെ ശ്വാസകോശ രോഗങ്ങൾ, വൃക്ക രോഗങ്ങൾ, ഹൃദയ സംബന്ധിയായ രോഗങ്ങൾ, നാഡീ രോഗങ്ങൾ തുടങ്ങിയവയിൽ ഉണ്ടാകാവുന്ന അസ്വസ്ഥതകൾക്കും, ചില ഘട്ടങ്ങളിൽ അർബുദ ചികിത്സയുടെ ഭാഗമായ കീമോതെറാപ്പിയുടെ വിപരീത‍ഫലമായുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കുറയ്ക്കുവാനും പാല്ലിയേറ്റീവ്‌ പരിചരണം പ്രയോജനപ്പെടുന്നു. മരണാസന്ന രോഗങ്ങളുള്ള ശിശുക്കളെ സഹായിക്കുവാനായി പാല്ലിയേറ്റീവ്‌ പരിചരണത്തിന്റെ ഒരു പ്രത്യേക വിഭാഗമുണ്ട്‌.

പാലിയേറ്റീവ് കെയര്‍ രോഗത്തിന്റെ ചികില്‍സയല്ല; അസുഖത്തിന്റെ ചികില്‍സയാണ്. രോഗം കാന്‍സര്‍ അല്ലെങ്കില്‍ എയ്ഡ്സ് അല്ലെങ്കില്‍ മറ്റെന്തുമാകട്ടെ. അസുഖങ്ങള്‍ ഏറെയുണ്ടാകാം. അതില്‍ രോഗത്തിന്റെ അനുബന്ധ പ്രശ്നങ്ങളായ വേദന, ശ്വാസതടസ്സം, ഛര്‍ദി, വിഷാദം, മനോവിഷമങ്ങള്‍ എല്ലാമുള്‍പ്പെടുന്നു. രോഗചികില്‍സ തുടരുന്നതിനൊപ്പം ഇപ്പറഞ്ഞ അസുഖങ്ങളെക്കൂടി കണ്ടറിഞ്ഞുള്ള സാന്ത്വനവും മരുന്നുമാണു പാലിയേറ്റീവ് കെയര്‍.

ജീവനു കടുത്ത ഭീഷണിയുയര്‍ത്തുകയും ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും അക്ഷരാര്‍ഥത്തിലുള്ള രോഗചികില്‍സയ്ക്കൊപ്പം പാലിയേറ്റീവ് കെയറും ആവശ്യമാണ്. പാലിയേറ്റീവ് കെയര്‍ എന്നാല്‍ വെറും സ്നേഹചികില്‍സ മാത്രവുമല്ല. രോഗിയുടെ വൈകാരിക, സാമൂഹിക പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരമാകുന്ന സമഗ്ര ശുശ്രൂഷയാണു പാലിയേറ്റീവ് കെയര്‍. ഇതോടെ എല്ലാം തീര്‍ന്നു എന്ന ചിന്ത മാരകരോഗങ്ങള്‍ പിടിപെടുന്ന മിക്ക രോഗികള്‍ക്കുമുണ്ടാകും, ദൈവം എന്തിനിങ്ങനെ ശിക്ഷിച്ചു എന്ന വിചാരം. ചികില്‍സ സ്വീകരിക്കാനുള്ള വൈമുഖ്യം പ്രകടിപ്പിക്കാം. ഒറ്റപ്പെടാനുള്ള പ്രവണത കാട്ടാം. അകാരണമായ ദേഷ്യം, വിഷാദം എന്നിവയുമുണ്ടാകാം. രോഗത്തിന്റെ വൈഷമ്യങ്ങള്‍ കൂട്ടുന്ന തരത്തിലുള്ള വിപരീത ചിന്തകളാവും രോഗിക്ക് ഏറെയും.

ചികില്‍സയുടെ ഉയര്‍ന്ന പണച്ചെലവ്, സാമ്പത്തിക പ്രയാസം, തൊഴില്‍ നഷ്ടമാകല്‍ എന്നിവയും രോഗിയെ മാനസികമായി അലട്ടും. ഈ പ്രശ്നങ്ങള്‍ക്കെല്ലാം ആശ്വാസവും ഉത്തരവുമാകാന്‍ പാലിയേറ്റീവ് കെയറിനു കഴിയും. ജീവിതത്തില്‍ നഷ്ടമാകുമെന്നു രോഗി ഭയക്കുന്ന അന്തസ് ഊട്ടിയുറപ്പിക്കുകയാണ് ഇവിടെ. അര്‍ഹമായ മാന്യതയും മൂല്യവും തന്റെ ജീവിതത്തിനുണ്ടെന്ന വിശ്വാസത്തിലേക്കു രോഗിയെ കൊണ്ടുവരികയാണു പാലിയേറ്റീവ് കെയറില്‍. പാലിയേറ്റീവ് കെയര്‍ എന്നാല്‍ ടോട്ടല്‍ കെയര്‍ എന്നു തന്നെയാണ് അര്‍ഥം.

പാലിയേറ്റീവ് കെയര്‍ ആര്‍ക്കൊക്കെ?

പാലിയേറ്റീവ് കെയര്‍ ആര്‍ക്കൊക്കെ? എല്ലാം കഴിഞ്ഞുവെന്നതിന്റെ പ്രഖ്യാപനമാണോ പാലിയേറ്റീവ് കെയര്‍? ഒരിക്കലുമല്ല. പാലിയേറ്റീവ് കെയറിനെ സംബന്ധിച്ച പ്രധാന തെറ്റിദ്ധാരണയും അതാണ്. ജീവിതാന്ത്യത്തെ മുഖാമുഖം കാണുന്ന രോഗികള്‍ക്കു പാലിയേറ്റീവ് കെയര്‍ വേണമെന്നുള്ളതു സത്യം. ഗുരുതര രോഗങ്ങളുടെ പിടിയിലാണെങ്കിലും ഇനിയും ദീര്‍ഘകാലം ജീവിച്ചിരിക്കാന്‍ സാധ്യതയുള്ള രോഗികള്‍ കൂടി പാലിയേറ്റീവ് കെയറിന്റെ പരിധിയില്‍ വരുന്നുണ്ട്. അതിനാല്‍ പാലിയേറ്റീവ് കെയറിനു വിധേയരാകുമ്പോള്‍ ഇനി വിധിച്ചതു മരണം മാത്രമാണെന്ന വിശ്വാസം ശരിയല്ല. മാത്രമല്ല പാലിയേറ്റീവ് കെയറിന്റെ ഭാഗമായ സ്നേഹപരിചരണങ്ങള്‍ ജീവിതം വീണ്ടെടുക്കാമെന്ന വിശ്വാസം ഒന്നുകൂടി അടിച്ചുറപ്പിക്കുന്നതുമാണ്.

മറ്റു ചികില്‍സകളെല്ലാം നിഷ്ഫലമാകുമ്പോള്‍ പരീക്ഷിക്കേണ്ട തുറുപ്പുചീട്ടല്ല പാലിയേറ്റീവ് കെയര്‍. ദീര്‍ഘമായ ചികില്‍സാകാലത്തുടനീളം രോഗിയെ തീവ്രവേദന സഹിക്കാന്‍ വിട്ടശേഷം പ്രതീക്ഷയില്ലെന്നു കാണുമ്പോഴല്ല പാലിയേറ്റീവ് കെയര്‍ നല്‍കേണ്ടത്. രോഗചികില്‍സയ്ക്കൊപ്പം തുടക്കം മുതല്‍ തന്നെ പാലിയേറ്റീവ് കെയറിന്റെ താങ്ങു വേണം. ഗുരുതരമായ രോഗമാണെന്ന അറിവ് രോഗിക്ക് ആഘാതമാകുന്ന ആദ്യഘട്ടത്തില്‍ സാന്ത്വനത്തിന്റെ പ്രാധാന്യം ഏറെയാണ്. ഈ സമയത്തു കിട്ടുന്ന ആശ്വാസം രോഗത്തെ അതിജീവിക്കാന്‍ രോഗിയെ ഏറെ സഹായിക്കുകയും ചെയ്യും. റേഡിയോതെറപ്പി, കീമോതെറപ്പി, സര്‍ജറി തുടങ്ങി ചികില്‍സയുടെ എല്ലാ ഘട്ടങ്ങളിലും പാലിയേറ്റീവ് കെയര്‍ ആശ്വാസം നല്‍കും.

ലോകാരോഗ്യ സംഘടന പ്രകാരം “ജീവനു ഭീഷണിയാകുന്ന രോഗങ്ങളുള്ളവരുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിത നിലവാരം ഉയർത്തുന്നതിനായി പ്രസ്തുത രോഗലക്ഷണങ്ങളോടനുബന്ധിച്ച് സത്വരമായ രോഗ നിർണ്ണയവും കുറ്റമറ്റ വേദന സംഹാര ചികിത്സകളും, അവരുടെ ശാരീരിക, മാനസിക, സാമൂഹിക, ആധ്യാത്മീക പ്രശ്നങ്ങൾക്ക് പരിഹാരങ്ങൾ നിർദ്ദേശിച്ച് അവരുടെ ക്ലേശങ്ങൾ തടയുകയോ കുറയ്ക്കുകയോ ചെയ്യുന്ന സമീപനമാണ് പാല്ലിയേറ്റീവ്‌ പരിചരണം.

പാലിയേറ്റീവ് കെയര്‍ സാന്ത്വനം നല്‍കുന്നതു രോഗിക്കു മാത്രമല്ല, രോഗിയുടെ കുടുംബത്തിനു കൂടിയാണ്. അതിനാല്‍ത്തന്നെ ഇതിന്റെ ഫലം രോഗിയുടെ മരണശേഷവും നിലനില്‍ക്കും. കാന്‍സറിനും എയ്ഡ്സിനും മാത്രമാണു പാലിയേറ്റീവ് കെയര്‍ വേണ്ടിവരുന്നതെന്ന ചിന്തയുണ്ട്. ഇതും ശരിയല്ല. ദീര്‍ഘകാലം നീണ്ടുനില്‍ക്കുകയും ജീവിതത്തെ തകിടംമറിക്കുകയും ചെയ്യുന്ന എല്ലാ രോഗങ്ങള്‍ക്കും പാലിയേറ്റീവ് കെയര്‍ നല്‍കണം. ഹൃദ്രോഗങ്ങള്‍, വൃക്കരോഗങ്ങള്‍, നീണ്ടകാലം നില്‍ക്കുന്ന ശരീരവേദനകള്‍ എന്നിവയ്ക്കു പാലിയേറ്റീവ് കെയര്‍ വേണം.

കാലങ്ങളായി വൈദ്യന്മാർ പാല്ലിയേറ്റീവ്‌ പരിചരണമെന്ന സങ്കൽപ്പം അതിനായി ഉപയോഗിച്ചിരുന്ന ഔഷധങ്ങൾ രോഗികളിലുണ്ടാക്കാവുന്ന ശീലത്തെയും വിപരീത ഫലങ്ങളേയും മറ്റ്‌ നിയന്ത്രണാതീതമായ പ്രശ്നങ്ങളേയും പറ്റി ആശങ്കാകുലരായിരുന്നു. അതിനാൽ ഈ പരിചരണത്തിന്‌ അത്ര പ്രാധാന്യം ലഭിച്ചില്ല.

പാലിയേറ്റവ് കെയര്‍ എങ്ങനെ?

കഴിഞ്ഞ ഇരുപതു വർഷങ്ങളിൽ രോഗികളുടെ ജീവിത നിലവാരത്തെ പ്പറ്റിയുള്ള കാഴ്ചപ്പാടുകൾക്ക്‌ വളരെ വ്യത്യാസം വരികയും, അമേരിക്കൻ ഐക്യ നാടുകളിൽ നൂറിനു മുകളിൽ കിടക്കകളുള്ള 55% അതുരാലയങ്ങളിലും പാല്ലിയേറ്റീവ്‌ പരിചരണം നൽകുന്നു. കൂടാതെ അഞ്ചിൽ ഒന്ന് എന്ന അനുപാതത്തിൽ സർക്കാർ ആശുപത്രികളിൽ ഈ പരിചരണം നൽകുന്നു. ഈ പരിചരണത്തിലെ ഏറ്റവും പുതിയ വികാസം പാലിയേറ്റീവ് പരിചരണ സംഘം എന്ന് പേരിൽ അർപ്പിത മനോഭാവത്തോടെ പ്രവർത്തിക്കുന്ന പ്രത്യേക വൈദ്യ സംഘമാണ്‌.

മോര്‍ഫിനോ മറ്റു വേദനസംഹാരികളോ ഉപയോഗിച്ചുള്ള ചികില്‍സ പാലിയേറ്റീവ് കെയറിന്റെ ഒരു ഭാഗം മാത്രം. രോഗിക്കു മാനസികമായ കരുത്തു പകരുന്ന, ക്ഷമയോടെയുള്ള പരിചരണവും സാന്ത്വനവുമാണു പാലിയേറ്റീവ് കെയറിന്റെ ജീവന്‍. കേരളത്തിലൊട്ടാകെ നൂറിലേറെ പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതില്‍ മിക്കതും സന്നദ്ധസംഘടനകളുടെ നേതൃത്വത്തിലുള്ളതാണ്. രോഗികളെ വീടുകളില്‍ സന്ദര്‍ശിച്ചുള്ള പരിചരണമാണു മിക്ക സന്നദ്ധസംഘടനകളും നടത്തുന്നത്. മരണമടയുന്ന രോഗികളുടെ നിരാലംബരായ കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങള്‍ പോലും ഏറ്റെടുത്തു നടത്തുന്ന സംഘടനകളുണ്ട്. കുട്ടികളുടെ ഭാവികാര്യങ്ങളുടെ ഉത്തരവാദിത്തമേല്‍ക്കാന്‍ തയാറുള്ള ആരെങ്കിലുമുണ്ടെന്ന വിശ്വാസംതന്നെ മരണം കാത്തുകഴിയുന്ന രോഗിക്കു പകരുന്ന ആശ്വാസം വലുതാണ്.

പാലിയേറ്റീവ് കെയര്‍ നല്‍കാന്‍ കുടുംബാംഗങ്ങള്‍, വോളന്റിയര്‍മാര്‍, പ്രഫഷനലുകള്‍ തുടങ്ങി എല്ലാവര്‍ക്കും കഴിയും. പ്രഫഷനല്‍ യോഗ്യത നേടിയവരുടെ മേല്‍ നോട്ടം ഉണ്ടാകേണ്ടതുണ്ടെങ്കിലും ഇപ്പോള്‍ ലഭ്യമായ പരിശീലനം നേടിയവര്‍ക്കു പാലിയേറ്റീവ് കെയര്‍ നല്‍കാം. മുറിവുകള്‍ ഡ്രസ് ചെയ്യുക, ട്യൂബ് ഫീഡിങ്, സ്കിന്‍ കെയര്‍, മൌത്ത് കെയര്‍ തുടങ്ങി അടിസ്ഥാന നഴ്സിങ് ജോലികള്‍ അറിയാവുന്നവരായിരിക്കണം ചികില്‍സകര്‍. ഒപ്പം കൌണ്‍സലിങ് പാടവവും വേണം.

പാല്ലിയേറ്റീവ്‌ പരിചരണത്തിന്‌ വൈദ്യൻ, നെഴ്സ്‌, സാമൂഹിക പ്രവർത്തകൻ, ആത്മീയ പ്രവർത്തകൻ, ഫിസിയോതെറാപ്പിസ്റ്റ്‌, ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ്‌, സന്നദ്ധ പ്രവർത്തകർ, ഏറ്റവും പ്രധാനമായി രോഗിയുടെ കുടുംബവും അടങ്ങുനതാണ്‌ പരിചരണ സംഘം.

കോഴിക്കോട്‌ മെഡിക്കൽ കോളജിൽ പെയിൻ ആൻഡ്‌ പാല്ലിയേറ്റീവ്‌ കെയർ സൊസൈറ്റി (പി പി സി എസ്)] 1993 മുതൽ പ്രവർത്തിക്കുന്നു.  പെയിൻ ആൻഡ്‌ പാല്ലിയേറ്റീവ്‌ കെയർ സൊസൈറ്റി ക്ക് കേരളത്തിലെ മിക്കവാറും  എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്. ഇൻഡ്യയിലെ മറ്റ്‌ സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ പാല്ലിയേറ്റീവ്‌ പരിചരണം കേരളത്തിൽ അതിന്റെ എല്ലാ ഉദ്ദേശ്യങ്ങളും വിജയകരമായി നിറവേറ്റുന്നുണ്ട്‌.

കൊച്ചി ആസ്ഥാനമായ പാല്ലിയം ഇൻഡ്യ പാല്ലിയേറ്റീവ് പരിചരണം നൽകുന്ന മറ്റൊരു സംഘടനയാണ്. ഇവർക്ക് എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്.

1996 മുതൽ മഞ്ചേരി വലിയട്ടിപറമ്പിൽ സ്ഥാപിച്ച മഞ്ചേരി പെയിൻ ആന്റ് പാലിയേറ്റീവ് കെയറാണ് ആശുപത്രിക്കു പുറത്തായി സ്ഥാപിക്കപ്പെട്ട ജനകീയമായി പ്രവർത്തിക്കുന്ന ആദ്യത്തെ പാലിയേറ്റീവ് കെയർ. കോഴിക്കോട് താലൂക്കിലെ വളയനാട് വില്ലേജിൽ കിണാശേരിയിൽ കിണാശേരി പെയ്ൻ ആൻഡ് പാലിയെടീവ് കെയർ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.


 

കടപ്പാട് : വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.,  കരുണാ പാലിയേറ്റീവ് കെയര്‍

Leave A Reply

Your email address will not be published. Required fields are marked *